കൊച്ചി : കേരളത്തിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. കമ്പിനിയുടെ ചെയര്‍മാന്‍ തന്നെയാണ് ഇക്കാര്യം പത്തനംതിട്ട മീഡിയായോട് തുറന്നു പറഞ്ഞത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നിരവധി ബ്രാഞ്ചുകള്‍ ഈ സ്ഥാപനത്തിനുണ്ട്. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വര്‍ണ്ണപ്പണയമായിരുന്നു പ്രധാന ബിസിനസ്. അടുത്തനാളില്‍ റിസര്‍വ് ബാങ്കിന്റെ ചില കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ ക്രമാതീതമായി കുറഞ്ഞു. ഇതോടെ ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടു പോകുവാനും ബുദ്ധിമുട്ട് നേരിടുകയാണ്. സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചാല്‍ 6 മാസത്തിനുള്ളില്‍ എല്ലാവരുടെയും നിക്ഷേപം മടക്കി നല്‍കുമെന്നും അതിനുള്ള പണയ സ്വര്‍ണ്ണം സ്ഥാപനത്തില്‍ ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പണയം വെച്ചവര്‍ക്ക് ചുരുങ്ങിയ കാലയളവിലുള്ള നോട്ടീസ് നല്‍കുമെന്നും നിശ്ചിത തീയതിക്ക് മുമ്പ് പണയ സ്വര്‍ണ്ണം തിരികെ എടുത്തില്ലെങ്കില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്നും ഇദ്ദേഹം പറഞ്ഞു. കടപ്പത്രത്തിലൂടെ കോടിക്കണക്കിനു രൂപാ നിക്ഷേപമായി ഈ കമ്പിനി സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം കൊടുത്തുതീര്‍ക്കുവാള്‍ പണയ സ്വര്‍ണ്ണം വിറ്റാല്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് സ്വര്‍ണ്ണം പണയം വെക്കുന്നവര്‍ക്ക് ഇരുപതിനായിരം രൂപ വരെ മാത്രമേ കറന്‍സിയായി കൊടുക്കുവാന്‍ കഴിയൂ. അതില്‍ കൂടുതലാണ് പണയത്തുകയെങ്കില്‍ പണയം വെക്കുന്ന ആളിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കണം. പണയത്തുക എടുക്കാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ ബാങ്കിലെ സ്വര്‍ണ്ണപ്പണയ നിരക്ക് ജീവനക്കാര്‍ പറയും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പലിശ നിരക്കിന്റെ പകുതിയില്‍ താഴെയാണ് മിക്ക ഷെഡ്യൂള്‍ഡ് ബാങ്കുകളിലും പലിശ. പലിശയിലെ വന്‍ വ്യത്യാസം അറിയുന്നതോടെ ബാങ്കില്‍ നിന്നും പണമെടുത്ത് നേരെ ആദ്യം പണയം വെച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ചെല്ലും. അവിടെ പണം നല്‍കി പണയസ്വര്‍ണ്ണം തിരികെ വാങ്ങി നേരെ ഷെഡ്യൂള്‍ഡ് ബാങ്കില്‍ ചെന്ന് പണയം വെക്കും. പലിശയിനത്തില്‍ വന്‍ ലാഭം ഉണ്ടാകുന്നതിനാല്‍ പണയം വെക്കുന്നവര്‍ക്ക് ഇതാണ് നല്ലത്. ഇത്തരം നടപടികള്‍ വ്യാപകമായതോടെ സ്വര്‍ണ്ണം പണയം വെക്കാന്‍ വരുന്നവര്‍ കുത്തനെ കുറഞ്ഞു. ഇതോടെ പല സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. >>> NCD യിലൂടെ സമാഹരിച്ച കോടികള്‍ വകമാറ്റി – ഇതും പ്രതിസന്ധിക്ക് കാരണം >>> തുടരും. സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams