കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് ഇത് സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആവോലിക്കുഴി സ്വദേശി മണ്ണില്‍ പുത്തന്‍വീട്ടില്‍ ബിന്ദുവിന്‍റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ച് കൊന്ന് ഭക്ഷിച്ചത്. എന്നാല്‍ ആക്രമിച്ച വന്യ മൃഗം ഏതാണെന് സ്ഥിരീകരിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. ആക്രമണത്തിന് പിന്നില്‍ കടുവയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചതോടെ ഇത് വീണ്ടും വരുമെന്ന പ്രതീക്ഷയില്‍ കിടാവിന്‍റെ ജഡം മറവ് ചെയ്യാതെ സ്ഥലത്ത് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചിരുന്നു.
ഈ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കിടാവിന്‍റെ ജഡം കിടന്നിരുന്നതിന് സമീപത്ത് തന്നെ നായയുടെയും പന്നിയുടെയും അസ്ഥികളും കണ്ടെത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ വാര്‍ഡില്‍ അതുമ്പുംകുളത്ത് കടുവയുടെ ജഡം കണ്ടെത്തുകയും ഇതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവോലിക്കുഴിയില്‍ പുലി കെണിയില്‍ വീഴുകയും ചെയ്തിരുന്നു. 2026 മെയ് മാസത്തില്‍ ആവോലിക്കുഴി വരിക്കാഞ്ഞിലിയില്‍ പുലി വളര്‍ത്തുനായയെ പിടികൂടിയിരുന്നു. 2025 ല്‍ നിലവില്‍ പുലി പശുക്കിടാവിനെ പിടിച്ചതിന് അധികം ദൂരത്തിലല്ലാതെ രാജേഷ് ഭവനം വിജയമ്മയുടെ വീടിന് സമീപത്ത് പുലിയെ കണ്ടതായി അഭ്യൂഹം പടരുകയും വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.






























