ഇടുക്കി : ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നേഴ്‌സിനെയും മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഏലപ്പാറ ബോണാമി കവക്കുളം പുതുവലിൽ താമസിക്കുന്ന അല്ലി ഭവൻ വീട്ടിൽ സോമൻ ഏശയ്യയെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ് നേഴ്സ് അലോൻസിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞ് ഒരാൾ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. തുടർന്ന് ഡോക്ടർ പരിശോധിച്ച ശേഷം എക്സ് റേ ആവശ്യമാണെന്നും അതിനുള്ള സൗകര്യം ഇല്ലെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ അൽപ നേരം കഴിഞ്ഞ് ഡോക്ടറുടെ ക്യാബിനിൽ കയറിയ സോമൻ കാബിൻ അടച്ചിട്ട ശേഷം ഡോക്ടറെ അസഭ്യം പറഞ്ഞു. ഇത് കേട്ട് ക്യാബിനിൽ എത്തിയ നേഴ്‌സിന്റെ മുഖത്ത് അടിക്കുകയും തടയാൻ എത്തിയ ഡോക്ടറെ ചവിട്ടുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളുമുണ്ട്. പരിക്കേറ്റ് ഡോക്ടറും നേഴ്സും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞ് എത്തിയ പീരുമേട് പോലീസ് ഉടൻ തന്നെ അക്രമം നടത്തിയ സോമനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 323 ‘ 354 ‘294 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത് തുടർന്ന വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.