പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല നിർവഹണ സമിതി രൂപീകരണ യോഗം ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപു സ്വാഗതം ആശംസിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനെ കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ സംസാരിച്ചു. ജലാശയങ്ങൾ, പൊതുഇടങ്ങൾ മാലിന്യമുക്തമാക്കൽ, വിവിധ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കൽ, ഹരിത കർമ്മ സേന പ്രവർത്തനം ശക്തമാക്കൽ,ജൈവ -അജൈവ മാലിന്യങ്ങളുടെ പരിപാലനം തുടങ്ങി ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ വിവിധ പദ്ധതികൾ ഏറ്റെടുത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലെത്താൻ ഉള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് കാലായിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ബഹുമാനപ്പെട്ട ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ് യോഗത്തിൽ പങ്കെടുത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതി പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. തുടർന്ന് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് കാലായിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രഞ്ജു എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജയ പ്രകാശ് ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ പഞ്ചായത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു. ചർച്ചയ്ക്ക് ശേഷം ബഹുഭരണ സമിതി അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അഭിപ്രായങ്ങൾ പങ്കുവെച്ചു.
തീരുമാനങ്ങൾ
▫️ 18 വാർഡുകളിലും വാർഡ് തല നിർവഹണ സമിതി യോഗങ്ങൾ അടിയന്തരമായി ചേരുക.
▫️ വരുന്ന ഗാന്ധിജയന്തി ദിനം മുതൽ പഞ്ചായത്തിലെ ഓഫീസുകൾ, വിദ്യാലയങ്ങൾ എന്നിവ പൂർണ്ണമായും ഹരിത പ്രോട്ടോക്കോളുകൾ പാലിച്ച് ഹരിത സ്ഥാപനമായി പ്രവർത്തിക്കുക. ഹരിത അയൽക്കൂട്ടം പ്രവർത്തനങ്ങളും ഏറ്റെടുക്കുക.
▫️ 18 വാർഡുകളിലും വീടും പരിസരവും ഓഫീസുകളും പൊതു ഇടങ്ങളും വൃത്തിയാക്കി ഒക്ടോബർ രണ്ടിന് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിക്കുക.
▫️എല്ലാ വാർഡുകളിലും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ ചേർന്നു പൊതു ഇടങ്ങൾ വൃത്തിയാക്കേണ്ടതാണ്.
▫️ ഒക്ടോബർ രണ്ടിന് നാരായണപുരം മാർക്കറ്റ് ക്ലീനിങ് ആണ് പഞ്ചായത്ത് തല ഉദ്ഘാടനമായി നടത്തുക.
വാർഡ് തലത്തിൽ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്തു അറിയിക്കുക
▫️ ക്യാമ്പയിനുമായി സഹകരിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഒക്ടോബർ രണ്ടിന് പൊതു ഇടങ്ങൾ വൃത്തിയാക്കുക.
യോഗത്തിൽ വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് കാലായിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രഞ്ജു ആര്‍, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദിലീപ്, സെക്രട്ടറി ദീപു, അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ആശ, ഹരിത കേരളം മിഷൻ ആർ.പി, ഘടക സ്ഥാപന മേധാവികൾ, പോലീസ്-ഫോറസ്റ്റ് വിഭാഗം പ്രതിനിധികൾ, വില്ലേജ് ഓഫീസ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിത കർമ്മ സേന, വിദ്യാർത്ഥി സംഘടന, പരിസ്ഥിതി പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങി 90 അംഗങ്ങൾ പങ്കെടുത്തു.