റാന്നി : മനുഷ്യന്റെ യഥാർത്ഥ സമ്പത്ത് പണമോ ഭൗതിക നേട്ടങ്ങളോ മാത്രമല്ലെന്നും ആത്മ സംതൃപ്തിയും ആത്മാർത്ഥതയും സഹാനുഭൂതിയും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണെന്നും സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. റാന്നി തോട്ടമണ്ണില് നടക്കുന്ന അംബായാഗത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യർ പരസ്പരം ഒന്നാണെന്ന ബോധവും ഒരുമിച്ചുമുന്നേറാനുള്ള മനോഭാവവും വളർത്തിയെടുക്കണം. വ്യക്തിയുടെ കഴിവുകളും പ്രവർത്തനങ്ങളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുമ്പോഴാണ് ജീവിതത്തിന് യഥാർത്ഥ അർത്ഥം കൈവരുന്നത്. മറ്റുള്ളവരുടെ സന്തോഷത്തിലും വളർച്ചയിലും ആത്മാനന്ദം കണ്ടെത്തുവാന് കഴിയുന്ന വ്യക്തിയെ പരാജയപ്പെടുത്തുകയെന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമൂഹത്തിന്റെ ശക്തി സാമ്പത്തിക നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ സാംസ്കാരിക പൈതൃകവും കലാബോധവും മാനവിക മൂല്യങ്ങളും കൂട്ടായ്മയും സമൂഹത്തിന്റെ വളർച്ചയിൽ നിർണായകമാണ്. മതങ്ങളുടെയും വ്യത്യസ്ത വിശ്വാസങ്ങളുടെയും അതിരുകൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള ഐക്യത്തിനും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ പുരോഗതിയുമായി ബന്ധപ്പെടുമ്പോഴാണ് യഥാർത്ഥ സമ്പത്തും ജീവിത വിജയവും അർത്ഥവത്താകുന്നതെന്നും സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.




























