കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍ അതോറിട്ടി പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിന്റെ മധ്യഭാഗം രണ്ടായി പിളര്‍ന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡിന്റെ മധ്യ ഭാഗത്തെ ടാറിംഗ് പതിയെ ഉയരുകയും നിമിഷങ്ങള്‍ക്കകം വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടി മുകളിലേക്ക് വെള്ളം ചീറ്റിത്തെറിക്കുകയുമായിരുന്നു. അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം മുകളിലേക്ക് തെറിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. വെള്ളം മുകളിലേക്ക് തെറിച്ചതിന്റെ ശക്തിയില്‍ ഇതുവഴി വന്ന ബൈക്ക് യാത്രികനും വീണ് പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവശത്തുമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുകയും പൈപ്പ് പൊട്ടിയതിന് സമീപത്തുള്ള വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.
റോഡിന്റെ മധ്യഭാഗത്തായി ടാറിംഗ് രണ്ടായി പിളര്‍ന്നിട്ടുണ്ട്. ഹൈവേയുടെ നിര്‍മ്മാണത്തിലെ അപാകതയാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് ആരോപണം. മ്ലാന്തടം, മുറിഞ്ഞകല്‍ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിട്ടി പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാവുകയും റോഡ് തകരുകയും ചെയ്യുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. കെ.എസ്.റ്റി.പി യാണ് സംസ്ഥാന പാതയിലെ പൈപ്പുകള്‍ സ്ഥാപിച്ചത്. ഇതിന് ശേഷം വാട്ടര്‍ അതോറിറ്റിക്ക് കൈമാറുകയായിരുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് സ്ഥാപിച്ചതെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.






























