പാലക്കാട് : വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാക്കുന്ന സാഹചര്യത്തെ കുറിച്ച് ശാസ്ത്രീയമായ രീതിയില്‍ കൃത്യമായ പഠനം നടത്തണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍. ബാലവകാശ സംരക്ഷണ ജില്ലാതല കര്‍ത്തവ്യവാഹകരുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ ഏകോപിച്ച് താഴെ തട്ടില്‍ എത്തിക്കണം. തോട്ടം , പാടശേഖരങ്ങളിലെ തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പമുളള കുട്ടികള്‍ക്കിടയില്‍ ജില്ലാ തൊഴില്‍ വകുപ്പ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സംയുക്ത റെസ്‌ക്യൂ ഓപ്പറേഷന്‍സ് നടത്തണമെന്നും അധ്യാപകര്‍ക്ക് പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് നിയമങ്ങളിലുള്ള പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
അംഗീകാരമുള്ള സന്നദ്ധ സേവന സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉപയോഗപ്പെടുത്തണം. ജില്ലയിലെ എല്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളെയും സജീവമാക്കണമെന്ന് ജില്ല പ്രോഗ്രാം ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എക്‌സൈസിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പുമായി യോജിച്ചുകൊണ്ട് ജില്ലാതലത്തില്‍ കൃത്യമായ കലണ്ടര്‍ ഉണ്ടാക്കി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്കായി സേവനങ്ങള്‍ ചെയ്യുന്ന വിവിധ വകുപ്പുകളുടെ റിസോഴ്‌സ് മാപ്പിംഗ് ജില്ലാതലത്തില്‍ തയ്യാറാക്കുന്നതിനായി ജില്ല ശിശു സംരക്ഷണ യൂണിറ്റിനും നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടിയിലെ വിഷയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകമായി അവിടെ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട വകുപ്പുകളെയും തദ്ദേശീയരെയും ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ചു ചേര്‍ക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ അംഗവും ജില്ലയുടെ ചുമതലയുമുള്ള കെ.കെ. ഷാജു, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ഗീത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.