കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ തുടരുന്ന ഒരു പതിവുണ്ട്, വാനരന്മാർക്ക് ഓണ സദ്യ നൽകുന്ന ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. സദ്യയുണ്ണാൻ വാനരന്മാർ എത്തി. ഉത്രാട ദിവസമായ ഇന്ന് വാനരന്മാർ വയറുനിറയെ സദ്യ കഴിച്ചു. തൂശനിലയിൽ ചോറും കറികളും പഴവും പായസവുമൊക്കെയായി ഒരു ഗംഭീര സദ്യ തന്നെയാണ് ക്ഷേത്രം ഭാരവാഹികൾ വാനരന്മാർക്കായി ഒരുക്കിയിരുന്നത്. സദ്യയ്ക്കായി കാത്തിരുന്ന വാനരന്മാർ മരച്ചില്ലകളിൽ നിന്നും ഞൊടിയിടയിൽ താഴെയെത്തി.
ഓരോരുത്തരയായി വാനര ഭോജന ശാലയിലേക്ക്. ആസ്വദിച്ച് സദ്യയുണ്ടു. ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ എല്ലാ കൊല്ലവും വാനരസദ്യ നടത്താറുണ്ട്. 40 വർഷത്തിലേറെയായി വിശ്വസവുമായി ഇഴചേർന്ന് അമ്പലകുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നു. ഓണക്കാലത്ത് വളരെ സന്തോഷം നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കാഴ്ചയാണ് ഈ വാനരസദ്യ. ആരും വിശന്നിരിക്കാൻ പാടില്ല എന്ന വലിയ സന്ദേശമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.































