മല്ലപ്പള്ളി : മല്ലപ്പള്ളി – ആനിക്കാട് റോഡിൽ ടൗണിന് സമീപത്ത് വൈദ്യുതി പോസ്റ്റിൽ കാട്ടുവള്ളി പടർന്നത് അപകട ഭീക്ഷണിയാകുന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റ് ആണ് കാട് കയറി മൂടി കിടക്കുന്നത്. ഇത്രയും അപകടകരമായ രീതിയില്‍ പോസ്റ്റ് കണ്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള കുലുക്കവും ഇല്ല. അധികാരികളുടെ ഈ സമീപനത്തിനെതിരെ വലിയ രീതിയിലുള്ള ആക്ഷേപമാണ് ഉയരുന്നത്. ടൗണിൽ ടച്ചിംഗ് വെട്ടുന്നതിനായി വൈദ്യുതി വിച്ഛേദിക്കുന്നത് പതിവാണ്. എന്നാല്‍ കൺമുമ്പിലെ അപകടം അധികൃതർ കാണാതെ പോകുന്നതായും പരാതിയുണ്ട്.
കുട്ടികള്‍ ഉള്‍പ്പടെ നിരവധി ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൂടാതെ സമീപത്തായി ധാരാളം കടകളും മറ്റും ഉണ്ട്. എന്തെങ്കിലും വന്നതിന് ശേഷമേ നടപടി സ്വീകരിക്കൂ എന്ന നിലപാടിലാണ് അധികൃതര്‍. ഈ അവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ വലിയ ആപത്തിലായിരിക്കും അത് കലാശിക്കുന്നത്.