മലപ്പുറം: നിലമ്പൂരിൽ ജയിക്കുന്ന സ്ഥാനാർഥിയെ നിർത്തണമെന്ന് മുൻ എംഎൽഎ പി.വി അൻവർ. എല്ലാ വിഭാഗത്തിൻ്റെ പിന്തുണ ലഭിക്കുന്ന നേതാവിനെ നിർത്തണം. പിണറായിയുടെ മുന്നിൽ പരാജയത്തിന് തലവെച്ച് കൊടുക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫിനെ സംബന്ധിച്ചും കേരളത്തിനെ സംബന്ധിച്ചും വളരെ നിർണായകമായൊരു തെരഞ്ഞെടുപ്പാണിത്. വരാനിരിക്കുന്ന 140 മണ്ഡലങ്ങളിൽ കേരളത്തിലെ വോട്ടർമാരുടെ മാനസികാവസ്ഥ അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ആ നിലയ്ക്ക് ആലോചിച്ചിട്ടുള്ള ഒരു നല്ല തീരുമാനം യുഡിഎഫിൽ നിന്നും ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ മുൻപിൽ ഒരു പരാജയം അതിന് തല വച്ചുകൊടുക്കാൻ ഒരിക്കലും എന്നെ സംബന്ധിച്ച് സാധിക്കില്ല. അതിനല്ലല്ലോ രാജിവച്ചത്. ആ നിലയ്ക്കുള്ള ഒരു ആലോചന അതിൽ നടക്കണം.
തീരുമാനമെടുക്കാനുള്ള എല്ലാ അധികാരവും യുഡിഎഫിനുണ്ട്. ഞാനെപ്പോഴും ഹാപ്പിയാണ്. എനിക്ക് പ്രത്യേകിച്ച് ആശകളും അഭിലാഷങ്ങളും മോഹങ്ങളൊന്നുമല്ല ആളല്ല ഞാൻ. നിലമ്പൂരിൽ എന്താണ് ബിജെപിക്ക് സ്ഥാനാർഥിയുണ്ടാകില്ലെന്ന് കേൾക്കുന്നത്. ബിജെപിക്ക് അവിടെ സ്ഥാനാർഥിയുണ്ടാകില്ലെന്ന് ഞാൻ രണ്ട് മാസം മുൻപെ പറഞ്ഞതാണല്ലോ? സിപിഎമ്മും ആർഎസ്എസും ബിജെപിയും പച്ചയായിട്ട് കൈ കോർക്കുകയല്ലേ. ഇതല്ലേ എട്ട് മാസം മുൻപ് ഞാൻ പറഞ്ഞുവന്നത്. അതിലേക്കല്ലേ കേരളം പോയ്ക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ കാണുമ്പോഴും ഇത് മനസിലാകാത്ത ആളുകൾ ഇവിടെയുണ്ടെങ്കിൽ നിവൃത്തിയൊന്നുമില്ല.
നിലമ്പൂരിലെയും കേരളത്തിലെയും ജനങ്ങൾ അത് തിരിച്ചറിയും. ലീഡർഷിപ്പിന് അത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങൾ അത് തിരുത്തും. എന്തുകൊണ്ടാണ് പിണറായി ഇങ്ങനെ ന്യൂനപക്ഷങ്ങളെ സ്ഥിരമായി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ നടത്തിയ പരാമർശം കേരളത്തിലെ മുഴുവൻ ജനങ്ങളും കേട്ടതാണ്. എസ്എൻഡിപിയുടെ നേതാക്കളടക്കം അതിനെ തള്ളിപ്പറഞ്ഞപ്പോഴും അതിനെ വെള്ള പൂശിയ ആളാണ് പിണറായി. എന്താണ് അതിൻറെ അർഥം. അതിൻറെ ബാക്കിയല്ലേ നിലമ്പൂരിൽ ബിജെപിക്ക് സ്ഥാനാർഥിയുണ്ടാകില്ല എന്ന് പറയുന്നത്…അൻവർ പറഞ്ഞു.