തമിഴ്നാട് : ഗൂഡല്ലൂരിൽ നിന്ന് പാടുന്തറയിലെ ഭാര്യ വീട്ടിലേക്ക് പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വയനാട് നിരവിൽപ്പുഴ കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് (28) മരിച്ചത്. സ്കൂട്ടർ റോഡിലെ ഹമ്പിൽ ചാടി അപകടത്തിൽപ്പെടുകയായിരുന്നു. ഗൂഡല്ലൂരിന് സമീപം പാടുന്തറയിൽ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപമാണ് അപകടം ഉണ്ടായത്. കുട്ടിയുടെ മാമോദീസച്ചടങ്ങ് തീരുമാനിക്കാൻ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ജിബിനും സഹോദരൻ ജോബിനും.
ജോബിൻ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹമ്പിൽ നിന്ന് വീണതോടെ പിന്നിലിരിക്കുകയായിരുന്ന ജിബിൻ റോഡിൽ തെറിച്ച് വീണ് തലയിടിച്ചാണ് മരിച്ചത്. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് ഇവിടെ ഹമ്പ് നിർമിച്ചത്. അതാണ് അപകടത്തിന് കാരണമായതും.