പത്തനംതിട്ട : അബാൻ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി നൽകണമെന്ന ആവശ്യം ഉന്നയിച്ച കേരളാ റോഡ് ഫണ്ട് ബോർഡ് എഞ്ചിനീയറെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ. താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റെതോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അബാൻ മേൽപാലം, കോഴഞ്ചേരി മാരാമൺ പാലം, പത്തനംതിട്ട റിംഗ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അബിൻ വർക്കി എം.എൽ.എ.യുടെ ആവശ്യപ്രകാരം മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിനിടെയായിരുന്നു വിമർശനം.
അബാൻ മേൽപാലവുമായി ബന്ധപ്പെട്ട് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ജില്ലാ കളക്ടർ, ജനപ്രതിനിധികൾ കേരളാ റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, കരാറുകാരൻ ഉൾപ്പെടെയുള്ളവരുടെ യോഗം ഒക്ടോബർ 6 ന് മന്ത്രിയുടെ ചേംബറിൽ വീണ്ടും ചേരുമെന്ന് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. അറിയിച്ചു. കോഴഞ്ചേരി മാരമൺ പാലത്തിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഒക്ടോബർ അവസാനത്തോടെ ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട റിംഗ് റോഡുമായി ബന്ധപ്പെട്ട സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുവാനും അംമ്പലക്കടവ് – ഇലവുംതിട്ട – തെക്കേമല റോഡിന്റെ പണികൾ പൂർത്തിയാക്കുന്നതിന് കിഫ്ബിയോട് വേഗത്തിൽ തുടർനടപടി സ്വീകരിക്കുവാനും ആവശ്യപ്പെടും.
പരുമല കടവിൽ നിന്നാരംഭിച്ച് വള്ളിക്കോട് – ചെന്നീർക്കര പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൈപ്പട്ടൂർ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 13 വർഷമായി മുടങ്ങിക്കിടക്കുന്നത് വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിച്ച് തുടർ നടപടികൾ സ്വീകരിക്കുവാനും തീരുമാനമായി. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ അബിൻ വർക്കി കോടിയാട്ട് എം.എൽ.എ., പൊതുമരാമത്ത് റോഡ്, ബിൽഡിംഗ്സ്, ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





























