ദില്ലി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസിന് മുന്നിൽ ഉപാധികളുമായി ആംആദ്മി പാർട്ടി. കോൺഗ്രസ് ദില്ലിയിലും പഞ്ചാബിലും മത്സരിക്കില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ മധ്യ പ്രദേശിലും രാജസ്ഥാനിലും ആംആദ്മി പാർട്ടിയും മത്സരിക്കില്ലെന്ന് ആംആദ്മി പാർട്ടി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആണ് കോൺഗ്രസിന് മുന്നിൽ ഉപാധിയുമായി എത്തിയത്. തെരഞ്ഞെടുപ്പുകളെ നേരിടാൻ ഉപാധികളോടെ മുന്നേറാമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കോൺഗ്രസിനെതിരെ എഎപി ആരോപണവും ഉന്നയിക്കുന്നുണ്ട്. കോൺഗ്രസ് എഎപിയുടെ പ്രഖ്യാപനങ്ങൾ അതേപടി കോപ്പി അടിക്കുന്നു എന്നായിരുന്നു വിമർശനം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങളിലും എഎപി പങ്കാളികളാണ്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത്. അതിനൊപ്പം കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ചവിട്ടുപടിയായിക്കഴിഞ്ഞു. ദില്ലി ഓർഡിനൻസിനെതിരെ പ്രതിപക്ഷത്തെ കൂട്ടുപിടിക്കാനുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം ഐക്യത്തിനുള്ള സാധ്യതകൾ തുറന്നിടുണ്ട്.
ദില്ലി ഓർഡിനൻസിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചിരുന്നു. വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാർ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ദില്ലി സർക്കാറിന്‍റെ അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തുമെന്ന് കെജരിവാള്‍ പറഞ്ഞു. എന്നാൽ ദില്ലി ഓർഡിനൻസിനെ എതിർത്താലും എഎപിയെ പിന്തുണയ്ക്കരുതെന്നാണ് കോൺഗ്രസ് കമ്മിറ്റികളിലെ നിർദ്ദേശങ്ങൾ. ദില്ലി, പഞ്ചാബ് പിസിസികളാണ് ഈ വിഷയത്തിലുള്ള നിലപാട് അറിയിച്ചിരുന്നത്.