ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിനിൽക്കെ, ‘ഇന്ത്യ’മുന്നണി സജീവമാക്കി കോൺഗ്രസ്. മുന്നണിയിലെ പരമാവധി കക്ഷികളുമായി വിവിധസംസ്ഥാനങ്ങളിൽ നീക്കുപോക്കുണ്ടാക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാർട്ടിയുമായി ഡൽഹി, ഗുജറാത്ത്, ഹരിയാണ, ഗോവ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലും കോൺഗ്രസ് ധാരണയിലെത്തി. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. യു.പി.യിലെ 80-ൽ 17 സീറ്റുകളാണ് എസ്.പി. കോൺഗ്രസിന് വിട്ടുനൽകുക.
മധ്യപ്രദേശിൽ ഖജുരാഹോ സീറ്റ് എസ്.പി.ക്ക് വിട്ടുനൽകാമെന്ന് കോൺഗ്രസും സമ്മതിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.പി. ആറ് സീറ്റ് ചോദിച്ചിട്ടും കോൺഗ്രസ് നൽകിയിരുന്നില്ല. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ചർച്ചതുടരാമെന്ന നിലപാടിലാണ് കോൺഗ്രസ്. കോൺഗ്രസിന് അഞ്ചുസീറ്റെന്നതിലേക്ക് തൃണമൂൽ വഴങ്ങുമെന്ന് സൂചനയുണ്ട്.