തിരുവനന്തപുരം: ആറുമാസത്തെ ഇടവേളയ്ക്കുശേഷം സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ വിചാരണ ആരംഭിച്ചു. കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന് വര്‍ഗീസ്.പി.തോമസിനെ കോടതി ചൊവ്വാഴ്ച വിസ്തരിച്ചു. സി.ബി.ഐ ഏറ്റെടുത്ത കേസ് ആദ്യം അന്വേഷിച്ച് കൊലപാതകമെന്ന് കണ്ടെത്തിയിരുന്നതായി അദ്ദേഹം മൊഴി നല്കി. സി.ബി.ഐയില്‍നിന്ന് രാജിവെച്ച ഡിവൈ.എസ്.പി വര്‍ഗീസ്.പി.തോമസിനെ പ്രോസിക്യൂഷന് 38ാം സാക്ഷിയായാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വിസ്തരിച്ചത്.
കേസിലെ 24 സാക്ഷികളില്‍ നിന്നും വര്‍ഗീസ് മൊഴി എടുത്തിരുന്നു. ഇദ്ദേഹം ഒമ്പത് മാസക്കാലം മാത്രമേ കേസ് അന്വേഷിച്ചിരുന്നുള്ളൂ.1993 മാര്‍ച്ച് 29ന് അഭയ കേസിന്റെ എഫ്.ഐ.ആര് കോടതിയില്‍ ഫയല്‍ ചെയ്തത് ഈ സാക്ഷിയായിരുന്നു. അഭയയുടെ മരണം ആത്മഹത്യ എന്ന ക്രൈംബ്രാഞ്ചിന്റെ വാദം തള്ളി കൊലപാതകമാണെന്ന് കേസ് ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷമാണ് ഡിവൈ.എസ്.പി വര്‍ഗീസ് രാജിവെക്കുന്നത്. 1993 ഡിസംബര്‍ 12ന് സി.ബി.ഐയില്‍നിന്ന് രാജിവെക്കുമ്പോള്‍ ഒമ്പതര വര്‍ഷം സര്‍വ്വീസ് ബാക്കിയുണ്ടായിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.
കോവിഡ് കാരണം പ്രതിഭാഗം അഭിഭാഷകനും പ്രതികള്‍ക്കും വിചാരണക്കെത്താന്‍ കഴിയില്ലെന്ന കാരണം കാട്ടി പ്രതിഭാഗം വിചാരണ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഇതേ സീനിയര്‍ അഭിഭാഷകര്‍ തന്നെ വിചാരണ നടപടികളുമായി മുന്നോട്ടുപോയിരുന്നു. 28 വര്‍ഷം പഴക്കമുള്ള കേസ് അന്തിമ ഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു വിചാരണ നിര്‍ത്തിവെച്ചിരുന്നത്. ലോക്ഡൗണ്‍ നടപടികള്‍ അവസാനിച്ച സാഹചര്യത്തില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കണമെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശാനുസരണമാണ് വിചാരണ പുനരാരംഭിച്ചത്.
കേസില്‍ ഇതുവരെ 37 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 27 പേര് പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ എട്ടുപേര്‍ പ്രതികളെ അനുകൂലിച്ചു. 1992 മാര്‍ച്ച് 27 നാണ് കോട്ടയത്ത് പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.