ആലപ്പുഴ: വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍ . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ആണ് വള്ളിക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തത് .
സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വള്ളിക്കുന്നത്ത് ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു ക്ഷേത്രോത്സവത്തിനിടെ കൊലപാതകം നടന്നത് . കൊല്ലപ്പെട്ട പടയണിവെട്ടം സ്വദേശി അഭിമന്യു പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് അഭിമന്യുവും അക്രമം നടത്തിയ സംഘവും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പോലീസ് പറയുന്നു. രാത്രി പത്തരയോടെ അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അനന്തു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്.