പത്തനംതിട്ട : പത്രമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യറെ നേരില്‍ കണ്ട സന്തോഷത്തിലാണ് ഓട്ടിസം ബാധിതനായ എബി പോള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍ ഏറെ സന്തോഷത്തോടെ എത്തിയ എബി പോളിന് ജില്ലാ കളക്ടറെ നേരിട്ട് കണ്ടത് ഇരട്ടിമധുരമായി. സെല്‍ഫിയെടുക്കാന്‍ അമ്മ ഷേര്‍ളിക്കൊപ്പം ജില്ലാ കളക്ടറുടെ അടുത്തെത്തിയപ്പോള്‍ ഏറെ സ്‌നേഹത്തോടെയായിരുന്നു കളക്ടര്‍ എബിയെ സ്വീകരിച്ചത്.
23 വയസുകാരനായ എബി പോള്‍ ജന്മനാ ഓട്ടിസം ബാധിതനാണ്. സംസാരിക്കാനും ഏറെ ബുദ്ധിമുട്ടാണ്. അടൂര്‍ കടമ്പനാട് സ്വദേശിയാണ്. എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറെ ഇഷ്ടപ്പെട്ടുവെന്നും ഏറെ സന്തോഷമാണെന്നും എബി ജില്ലാ കളക്ടറോട് പറഞ്ഞു. ഓട്ടിസം പോലെയുള്ള അസുഖബാധിതരായ കുട്ടികളെ വീട്ടിനുള്ളില്‍ അടച്ചിടാതെ അവരെ പുറത്തേക്ക് കൊണ്ടുവരണമെന്നും പുതിയ കാഴ്ചകള്‍ കാണാന്‍ അവര്‍ക്ക് സൗകര്യം ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.