കോഴിക്കോട്: കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി മരിച്ച അബിന്‍ ബിനുവിന്റെ കുടുംബം. സുരക്ഷിതമല്ലാത്ത രീതിയില്‍ കേബിള്‍ വലിച്ച് ലൈറ്റ് ഘടിപ്പിച്ചതാണ് അപകടകാരണമെന്നും അബിന് ഷോക്കേറ്റപ്പോള്‍ ചികിത്സ നല്‍കുന്ന കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് നിഷേധാത്മക സമീപം ഉണ്ടായെന്നും കുടുംബം ആരോപിച്ചു. 20 മിനുറ്റോളം കഴിഞ്ഞാണ് സി.പി.ആര്‍. നല്‍കിയത്. അരമണിക്കൂര്‍ കഴിഞ്ഞാണ് മറ്റൊരു ആശുത്രിയിലേക്ക് മാറ്റാന്‍ തയ്യാറായതെന്നും അബിന്റെ പിതാവ് ബിനു പറഞ്ഞു. സുരക്ഷിതമല്ലാത്ത രൂപത്തില്‍ വൈദ്യുതി കണക്ഷന്‍ കൈകാര്യം ചെയ്തതും കൃത്യമായ ചികിത്സ നല്‍കാത്തതുമാണ് മകന്റെ മരണ കാരണമെന്നും മാനേജ്‌മെന്റിനെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിനുവിന്റെ കുടുംബം താമരശ്ശേരി ഡിവൈ.എസ്.പിക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പട്ടിക ജാതി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയില്‍ സ്ഥാപിച്ച ലൈറ്റില്‍ നിന്നും ഷോക്കേറ്റാണ് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയ അബിന്‍ ബിനു മരിച്ചത്.