കണ്ണൂര്‍ : കടുത്ത രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് സേവാഭാരതിയുടെ കോവിഡ് റിലീഫ് ഏജന്‍സി പദവി റദ്ദാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ല ചെയര്‍മാനായ ജില്ല കളക്ടറാണ് സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിയിച്ചിരുന്നു.
സി.പി.എമ്മിന്റെ കീഴിലുള്ള സേവനവിഭാഗമായ ഐ.ആര്‍.പി.സി (ഇനിഷ്യേറ്റിവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍), മുസ്ലിം ലീഗിന്റെ കീഴിലുള്ള സി.എച്ച് സെന്റര്‍ തുടങ്ങിയവയാണ് നിലവില്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ റിലീഫ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ഇതില്‍ ഐ.ആര്‍.പി.സി, സി.എച്ച് സെന്റര്‍ തുടങ്ങിയ സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ സജീവവും പൊതുസ്വീകാര്യതയുമുള്ള സംഘടനകളാണ്. ആര്‍.എസ്.എസിന്റെ ദേശീയതലത്തിലുള്ള സേവനവിഭാഗമായ സേവാഭാരതി ജില്ലയില്‍ അത്ര സജീവമല്ല. ഇതാണ് വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചത്.
എതിര്‍പ്പ് രൂക്ഷമായതോടെ ഇത്തരവിറക്കിയ കളക്ടര്‍ സമ്മര്‍ദത്തിലായി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് പദവി റദ്ദാക്കാന്‍ തീരുമാനിച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള ആയുഷ് മരുന്ന് വിതരണത്തിന് സേവാഭാരതിയെ ചുമലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവാദമായതിനിടയിലാണ് കണ്ണൂരില്‍ സേവാഭാരതിക്ക് കോവിഡ് റിലീഫ് ഏജന്‍സി പദവി നല്‍കിയത്.