ന്യൂഡല്‍ഹി: റോഡ് ഗതാഗത, ഹൈവെ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ഇനി മുതല്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനാകില്ല. 2022 ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്ന രൂപത്തിലാണ് കരടു നിര്‍ദേശമുള്ളത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് ഇതു ബാധകമാകും. 2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റിലെ ‘പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്ന നയ’ത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പഴയ വാഹനങ്ങള്‍ പുതിയവയേക്കാള്‍ 12 മടങ്ങുവരെ മലിനീകരണത്തിന് കാരണമാകുന്നതായാണ് കണക്ക്. പുതിയ നിര്‍ദേശത്തില്‍ മന്ത്രാലയം ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്. ഇത് 30 ദിവസത്തിനകം സമര്‍പ്പിക്കണം.