പത്തനംതിട്ട : ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കി അസന്നിഹിത വോട്ടര്‍മാരുടെ വോട്ടിംഗിന് 16നു തുടക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഫോം 12 ഡി പ്രകാരം അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിച്ചുള്ള വോട്ടെടുപ്പ് സൗകര്യം ലഭ്യമാകുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക. ഇതിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം ഏപ്രില്‍ 16,17,18,19 തീയതികളില്‍ നടക്കും.
വോട്ടര്‍പട്ടികയില്‍ 85 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പിഡബ്ല്യുഡി ആയി മാര്‍ക്ക് ചെയ്തവരില്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും മാത്രമാണ് ഈ അവസരം ലഭിക്കുന്നത്. ഇതിനായി ജില്ലയില്‍ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും.