കൊല്ലം : വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെതിരെ കറിക്കത്തി വീശി വയോധിക.ഓയൂര്‍ ഇളമാടാണ് സംഭവം. 61 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചെങ്കൂര്‍ പ്ലാങ്കുഴി വടക്കേതില്‍വീട്ടില്‍ സജു (കടുക് 38) വിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാവിലെ 10.30 നായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന വയോധിക അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയ്‌ക്കാണ് പ്രതി അതിക്രമിച്ച് വീടിനുള്ളില്‍ കയറിയത്. പിന്നാലെ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിനിടെ വയോധിക കറിക്കത്തി കൈക്കലാക്കി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു.
പിന്നീട് ടാപ്പിങ് ജോലിയിലായിരുന്ന സഹോദരനെ വിവരമറിയിച്ച് സമീപ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സജുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൂയപ്പള്ളി പോലീസില്‍ വയോധിക പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.