കറണ്ട് ബില്ല് കൂടുന്നതിന് ഏസിയുടെ കാര്യക്ഷമമല്ലാത്ത ഉപയോഗം കാരണമായേക്കാം. അതുകൊണ്ട് തന്നെ എ.സി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങളിൽ കരുതൽ കാട്ടിയാൽ ഊർജ്ജ നഷ്ടം കുറയ്ക്കാം.
ഏ.സി ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക
റിമോട്ടിൽ ഞെക്കുമ്പോൾ മുതൽ റൂം തണുക്കണമെന്നാണ് നമ്മുടെ ഒരു ലൈൻ. ഇതിനായി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മാത്രം AC ഓഫാക്കുന്നവരാണ് നല്ലൊരു ശതമാനവും. ഇങ്ങനെ ചെയ്യുമ്പോൾ ഏസി പൂർണമായും ഓഫ് ആകുന്നില്ലെന്നതും ഐഡിൽ ലോഡിലേക്ക് മാറുകയാണെന്നും പലർക്കും അറിയില്ല. കംപ്രസൽ ഐഡിൽ സ്റ്റേറ്റിലേക്ക് പോകുന്നതിനെയാണ് ഐഡിൽ ലോഡ് എന്ന് പറയുന്നത്. ഐഡിൽ ലോഡിൽ കിടക്കുമ്പോൾ വൈദ്യുതി നഷ്ടം ഉണ്ടാകുകയും ചെയ്യും.
ഏസിക്കൊപ്പം ഫാനും പ്രവർത്തിപ്പിക്കുക
ഏസി പ്രവർത്തിപ്പിക്കുമ്പോൾ തന്നെ സീലിങ് ഫാൻ കൂടി ഓണാക്കിയാൽ മുറി പെട്ടെന്ന് തണുക്കും. മുറി തണുത്ത് കിട്ടിയാൽ ഫാന്‍ ഓഫ് ചെയ്യാം. എസി പ്രവർത്തിപ്പിക്കുമ്പോൾ ഒരു കാരണവശാലും ഉയർന്ന വേഗതയിൽ സീലിങ് ഫാനുകൾ ഉപയോഗിക്കരുത്. ഇത് നേരെ വിപരീത ഫലം ചെയ്യുമെന്നതാണ് പ്രശ്നം. ഫാൻ അതിവേഗം കറങ്ങുമ്പോൾ മുറി തണുപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും. ഇത് വൈദ്യുതി ഉപയോഗം കൂടാൻ കാരണമാകും.
ടെമ്പറേച്ചർ ഒപ്റ്റിമൽ ലെവലിൽ സെറ്റ് ചെയ്യുക
24 ഡിഗ്രി സെൽഷ്യസാണ് മനുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യമായ താപനില. ടെമ്പറേച്ചർ സെറ്റിങ്സ് ഏറ്റവും കുറഞ്ഞ നിലയിലേക്ക് സെറ്റ് ചെയ്താൽ റൂമിൽ കൂടുതൽ തണുപ്പ് കിട്ടുമെന്ന് ആളുകളുടെ ധാരണ. ഇത് ശരിയാണെങ്കിലും ഇതിന്റെ ഒരു ആവശ്യവുമില്ലെന്നതാണ് യാഥാർഥ്യം. ഒപ്റ്റിമൽ ലെവലിലേക്ക് ടെമ്പറേച്ചർ സെറ്റ് ചെയ്യാൻ കുറഞ്ഞ താപനിലയിലേക്ക് എസി സെറ്റ് ചെയ്യുന്നതിന് ആവശ്യമായ വൈദ്യതിയും വേണ്ടി വരുന്നില്ല.
ടൈമറുകൾ സെറ്റ് ചെയ്ത് വെയ്ക്കുക
ഏസികളില്‍ ടൈമറുകൾ സെറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ ലഭ്യമാണ്. ഈ ഫീച്ചർ അധികം യൂസേഴ്സും ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. ഉറങ്ങാൻ നേരത്ത് ഏസിയിട്ടാൽ പിറ്റേ ദിവസം എഴുന്നേൽക്കുന്നത് വരെയാണ് പലരും ഏസി പ്രവർത്തിപ്പിക്കുന്നത്. ഇത് മൂലം ആവശ്യമില്ലാതെ വൈദ്യുതി പാഴാകുന്നു. ടൈമർ ഉപയോഗിച്ച് എസി ഓഫ് ചെയ്യാൻ ഒരു പ്രത്യേക സമയം സെറ്റ് ചെയ്താൽ ഈ നഷ്ടം ഒഴിവാക്കാൻ സാധിക്കും.