റാന്നി: ഇട്ടിയപ്പാറയില്‍ തിരുവോണ ദിവസം വണ്‍വെ തെറ്റിച്ചു വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. അങ്ങാടി നെല്ലിക്കമണ്‍ മിനിവിലാസം കൃഷ്ണപിള്ളയുടെ മകന്‍ ബാഹുലേയന്‍ നായര്‍ (ബാബു-57) ആണ് മരിച്ചത്. വണ്‍വെ തെറ്റിച്ചെത്തിയ പിക്കപ്പ് വാന്‍ ബാബു ഓടിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നില്‍ എത്തിയ ഇരുചക്രവാഹനത്തില്‍ തട്ടിയും അപകടമുണ്ടായി. ഇതിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.
ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംങ്ഷനില്‍ തിരുവോണ ദിവസം ഉച്ച കഴിഞ്ഞ് മൂന്നു മണിയോടാണ് സംഭവം. റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ബാബുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാന്‍ ഓടിച്ച കോട്ടയം പൂഞ്ഞാർ നടുഭാഗം മറ്റക്കാട് ഇലവുങ്കൽ അൻസാരിയുടെ മകൻ അൻസൽ (30) പേരില്‍ പോലീസ് കേസെടുത്തു. കാവുങ്കല്‍ പടിയില്‍ നിന്നും ബൈപ്പാസ് റോഡിലേക്കു തിരിയാതെ വണ്‍വെ തെറ്റിച്ചു ഇട്ടിയപ്പാറ ജംങ്ഷനിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിത്യ സംഭവമാണ്.
വണ്‍വെ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ക്ക് പോലീസ് പരിശോധന കര്‍ശനമല്ലാത്തതിനാല്‍ രക്ഷപെടാറാണ് പതിവ്. വണ്‍വെ കാര്യക്ഷമാക്കുമെന്ന് അധികൃതര്‍ ഇടക്കിടെ പറയുന്നുണ്ടെങ്കിലും അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ വണ്‍വെ ലംഘനത്തിന്റെ പേരില്‍ ഒരു ജീവന്‍ ബലി കഴിക്കേണ്ട സംഭവവും വന്നു ചേര്‍ന്നു. അധികൃതര്‍ നിസംഗത വെടിഞ്ഞു നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു