തിരുവല്ല : തിരുവല്ല കുമ്പഴ റോഡിലെ തോട്ടഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക്. കോഴഞ്ചേരി ഈസ്റ്റ് കൊല്ലത്ത് സുനിൽ പ്രസാദ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. വള്ളംകുളം മലയിൽ കിഴക്കേതിൽ മനു (28), ഒറ്റപ്ലാവുങ്കൽ ജിക്കു (28) എന്നിവർക്കാണ് പരുക്കേറ്റത്.
തിരുവല്ലയിലെ മോട്ടോർ വർക്ക് ഷോപ്പിൽ മെക്കാനിക്കായ സുനിൽ പ്രസാദ് തിരുവല്ലയിൽ നിന്നും കോഴഞ്ചേരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും മനുവും ജിക്കുവും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സുനിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണപ്പെട്ടു. അപകടത്തിൽ ഗുരുതര പരുക്കേറ്റ മനുവും ജിക്കുവും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.