കോവളം : കോവളം ബൈപ്പാസിലുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് തുണയായത് വിദേശ വനിത. തിരുവല്ലം കൊല്ലന്തറയിൽ കെഎസ്ആർടിസി ബസിനു പിന്നിൽ ബൈക്കിടിച്ചു പരുക്കേറ്റുകിടന്ന ബൈക്കുയാത്രികരായ കോവളം സ്വദേശികൾ വിഷ്ണു (24), അജിത് (21) എന്നിവർക്ക് തുണയായതു വിദേശ വനിത. നിരവധിപേർ കാഴ്ചക്കാരായി നോക്കി നിൽക്കെയായിരുന്നു അതുവഴി വാഹനത്തിൽ വന്ന വിദേശ വനിത യുവാക്കൾക്കരികി ലെത്തിയത്.
ഡോക്ടർ കൂടിയായ വനിത പരുക്കേറ്റ യുവാക്കളിലൊരാളുടെ തല കൈകളിൽ ഉയർത്തി വച്ചു പരിപാലിച്ചു. നിമിഷങ്ങൾക്കുള്ളിൽ 108 ആംബുലൻസ് പൈലറ്റ് ആർ.എസ്.വിപിൻരാജ്, നഴ്സ് സതീഷ്കുമാർ എന്നിവർ എത്തി യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അതുവരെ കരുതലോടെ ഇവർ അവിടെ സമയം ചെലവിട്ടത് സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുന്നതായി. പരുക്കേറ്റ യുവാക്കളുടെ സ്ഥിതി മെച്ചപ്പെട്ടുവെന്നു 108 അധികൃതർ അറിയിച്ചു.