യാംബു : റാബിഖില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലയാളിയും നേപ്പാള്‍ പൗരനും മരിച്ചു. കൊല്ലം പുത്തൂര്‍ തെക്കുംഞ്ചേരി പൂമംഗലത്തുവീട്ടിലെ ബാലകൃഷ്ണന്‍ (37) ആണ് മരിച്ച മലയാളി. യാംബുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകനെ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് മടങ്ങുമ്പോഴാണ് വാഹനം അപകടത്തില്‍പെട്ടത്. ബാലകൃഷ്‌ണനായിരുന്നു വാഹനം ഓടിച്ചത്. നിയന്ത്രണംവിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
റാബിഖിലും യാംബുവിലുമായി 10 വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ദോസരി യൂണിറ്റ് അംഗമായിരുന്നു. പരേതനായ പൂമംഗലത്തുവീട്ടിലെ സുബ്രന്‍ ആണ് പിതാവ്. അമ്മ: കൃഷ്ണമ്മ ലക്ഷ്‌മി. ഭാര്യ: രാധ ബാലകൃഷ്ണന്‍. മക്കള്‍: ബിബിന്‍ കൃഷ്ണ, അമല്‍ കൃഷ്ണ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ‘അബൂ ബുശൈത്ത്’ കമ്പനി അധികൃതരും യാംബുവിലെയും റാബിഖിലേയും കെ.എം.സി സി, നവോദയ എന്നീ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.