പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 31 വർഷവും ആറുമാസവും കഠിനതടവും 1,43,000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. തിരുവല്ല കവിയൂർ പുന്നിലം വലിയപറമ്പിൽ വീട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് വി.രാജൻ (38)നാണ് കോടതി ശിക്ഷ വധിച്ചത്. 2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനുമായി രഞ്ജിത്തിനുള്ള പരിചയം മൂലം ഇയാളുടെ വീട്ടിലെത്തിയ കുട്ടിയെ നിർബന്ധിച്ച് വീട്ടിൽ വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പല ദിവസങ്ങളിലും പ്രതിയുടെ വീട്ടിൽ വെച്ചും പെൺകുട്ടിയുടെ വീട്ടിനുള്ളിലും കുട്ടിയെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കി.
കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന് വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ.ഷെമിമോൾ കെ.ആര്‍. ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തിരുവല്ല പോലീസ് അന്വേഷണം നടത്തി തിരുവല്ല ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി.കെ ചാർജ്ജ് ഷീറ്റ് സമർപ്പിച്ച കേസിലാണ് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി മഞ്ജിത്ത് ടി.യുടെ വിധി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എ.എസ്.ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി പ്രവർത്തിച്ചു.































