പുളിക്കീഴ് : കറുത്ത വസ്ത്രങ്ങളും ഹെൽമറ്റും ധരിച്ചെത്തി 83 കാരിയായ വയോധികയുടെ സ്വർണ്ണമാല കവർന്നെടുത്ത കേസിലെ പ്രതിയെ അതിസാഹസികമായി പുളിക്കീഴ് പോലീസ് പിടികൂടി. പുളിക്കീഴ് നെടുമ്പ്രം പുത്തൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാറേക്കാട്ട് തെക്കേതിൽ വീട്ടിൽ അഭിഷേക് ഗോപി (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 25ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ഇയാൾ ബൈക്കിലെത്തി പുളിക്കീഴ് ബിവറേജിന് സമീപത്തുകൂടി നടന്നുവന്ന 83 കാരിയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല വലിച്ചുപൊട്ടിച്ച് കടന്നു കളഞ്ഞത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പുളിക്കീഴ് പോലീസ് സബ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ. കെ.എസ്.ധന്യയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടര്‍ന്ന് പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി 12.30 ഓടെ കാറില്‍ സഞ്ചരിച്ച പ്രതിയെ പോലീസ് ഏറെ ദൂരം പിന്തുടര്‍ന്നു. ഇതിനിടെ കാര്‍ ഉപേക്ഷിച്ച് സ്കൂട്ടറില്‍ കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസ്.എച്ച്.ഓ. ധന്യ.കെ.എസ്., എ.എസ്.ഐ. വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ അരുണ്‍ ദാസ്, രഞ്ജു കൃഷ്ണൻ, രവികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിന്നീട് നടന്ന തെളിവെടുപ്പില്‍ മാല പൊട്ടിച്ച സമയം പ്രതി ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും ഹെൽമെറ്റും ടെറസിലെ ചെടിച്ചട്ടിയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും പോലീസ് കണ്ടെടുത്തു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.































