പത്തനംതിട്ട : കര കവിഞ്ഞ അച്ചന്‍കോവിലാറിലെ ജലനിരപ്പ് താഴാതെ നില്‍ക്കുന്നു. രാത്രി 11മണിക്കുള്ള റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരുമണിക്കൂറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എന്നാല്‍ വെള്ളം കുറഞ്ഞിട്ടുമില്ല.
വൈകുന്നേരം ഏഴുമണി വരെ വളരെ പെട്ടെന്നായിരുന്നു വെള്ളം കയറി വന്നത്. പത്തനംതിട്ടയില്‍ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടെങ്കിലും കിഴക്കന്‍ മലയോരങ്ങളില്‍ മഴ കനത്താല്‍ വീണ്ടും ആറ്റിലെ ജലനിരപ്പ് ഉയരും. വെള്ളം കയറുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മിക്കവാറും മാറിക്കഴിഞ്ഞു. വ്യാപാരികളും കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി. പലരും ഉറങ്ങാതെ ആറ്റിലെ ജലനിരപ്പ് ഉയരുന്നോ എന്നുനോക്കി ഇരിക്കുകയാണ്.
പമ്പാ നദിയിലെ ജലനിരപ്പും താഴാതെ നില്‍ക്കുകയാണ്. അച്ചന്‍ കോവില്‍ ഭാഗത്തും പെരുനാട് ഭാഗത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാല്‍ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രതയോടെ ഇരിക്കണം.