പത്തിരിപ്പാല : ശക്തമായമഴയിൽ മണ്ണൂർപഞ്ചായത്തിൽ വീണ്ടും വിളനാശം. പറയങ്കാട് പാടശേഖരത്തിലെ മൂന്നേക്കർ നെൽക്കൃഷി വെള്ളത്തിൽമുങ്ങി. രാജൻ, സ്വാമിനാഥൻ, ലീലാവതി എന്നിവരുടെ കൊയ്യാറായ വിളയാണ് പൂർണമായി വെള്ളത്തിലായത്. ബാങ്ക് വായ്പയെടുത്താണ് മൂന്നുപേരും വിളയിറക്കിയത്.
പന്നിശല്യത്തിൽ വിള ഭാഗികമായി നശിച്ചിരുന്നു. തുടർന്നാണ് കനത്തമഴ എത്തിയത്. വയലിൽ വെള്ളംനിറഞ്ഞതോടെ നെല്ലുവീണ് മുളയ്ക്കാനും തുടങ്ങി. ഒന്നാംവിള പൂർണമായും നശിച്ചതോടെ രണ്ടാം വിളയിറക്കാനോ വായ്പ തിരിച്ചടയ്ക്കാനോ പണമില്ലാതെ ദുരിതത്തിലാണ് കർഷകർ. മണ്ണൂർ കൃഷി ഓഫീസർ മേഘ്‌ന ബാബു, കൃഷി അസിസ്റ്റന്റ് ആർ.പ്രകാശ് എന്നിവർ കൃഷിയിടം സന്ദർശിച്ച് വിളനാശം വിലയിരുത്തി.