കാസര്‍കോട് : ജൂനിയർ സൂപ്രണ്ടിന്‍റെ പീഡന പരാതിയിൽ കാസർകോട് സർവ്വേ ആൻറ് ലാന്റ് റെക്കോർഡ് അസിസ്റ്റന്‍റ് ഡയറക്ടർ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്‍റ് കെ.വി തമ്പാന് സ്ഥലം മാറ്റം. തിരുവനന്തപുരത്തെ സെൻട്രൽ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റിയംഗമാണ് ഇയാൾ. തമ്പാൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി സർവ്വേ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന യുവതി ജൂലൈയിൽ ജില്ലാ കളക്ടർക്കും സർവ്വേ ഡയറക്ടർക്കും പരാതി നൽകിയിരുന്നു.
ഈ ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. എന്നാൽ പിന്നീട് ന്യൂസ് അവര്‍ ഇത് ചർച്ച ചെയ്തതിനെ തുടർന്ന് യുവതിക്ക് കാസർകോട് കളക്ടറേറ്റിലെ ആര്‍ സെക്ഷനിലേക്ക് സ്ഥലം മാറ്റം നൽകി. സർവ്വേ ആൻറ് ലാന്റ് റെക്കോർഡ് ഡയറക്ടർക്ക് യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ തമ്പാനെതിരേ നടപടി. ഓഫീസിലെ സ്ത്രീകളായ മറ്റ് ജീവനക്കാർക്കും ടെക്നിക്കൽ അസിസ്റ്റന്റിന്റെ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇത് തുടരുകയാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ മാസങ്ങളായിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് റവന്യൂ മന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു.