പത്തനംതിട്ട : തുമ്പമണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സി.പി.എം പ്രവര്‍ത്തകരുടെയും ന്യായീകരണം ഇല്ലാതെ ലാത്തി ചാര്‍ജ് ചെയ്ത പോലീസ് നടപടിയിലും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ശക്തമായ പ്രതിഷേധിക്കുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സി.പി.എം ഗുണ്ടകളെയും ഉദ്യോഗസ്ഥരെയും പോലീസിനെയും ഉപയോഗിച്ച് ജില്ലയിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും പിടിച്ചടക്കിയ സി.പി.എം നേതൃത്വം തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും അതേ സമീപനമാണ് സ്വീകരിച്ചതെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി വ്യാപകമായ കള്ളവോട്ടാണ് നടത്തിയതെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സി.പി.എമ്മിന്‍റെ ഇത്തരം ജനാധിപത്യ വിരുദ്ധ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയിട്ടും തെറ്റുതിരുത്താനോ പാഠം പഠിക്കാനോ സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ് തുമ്പമണ്ണില്‍ നടന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
സി.പി.എമ്മിന്‍റെ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ജനങ്ങള്‍ വിധിയെഴുതുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സി.പി.എം ആക്രമണത്തിലും പോലീസ് ലാത്തിചാര്‍ജിലും പരിക്കേറ്റ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സക്കറിയ വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് രഞ്ചു തുമ്പമണ്‍, മണ്ഡലം സെക്രട്ടറി എന്‍.പി. ജോഷ്വാ എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഡി.സി.സി നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു.