പത്തനംതിട്ട : വെള്ളിത്തിരയിലെ അഭിനയവിസ്മയം തിലകന്റെ ഒന്‍പതാം ചരമവാര്‍ഷിക അനുസ്മരണം സൂം മീറ്റിംഗിലുടെ ആചരിച്ചു. കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡീന്‍ പ്രൊഫ. കവിയൂര്‍ ശിവപ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭ്രപാളികളില്‍ കഥാപാത്രങ്ങളിലൂടെ ജീവിച്ച വ്യക്തിത്വമായിരുന്നു തിലകന്റേത്. നടനമറിയാമെങ്കിലും നാട്യ മറിയാത്ത നടന്‍ അതായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണസമ്മേളനം നടത്തിയത്.
പുതുതലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്.
നായകന്‍മാര്‍ മാത്രം മികച്ച നടന്‍മാര്‍ എന്ന് പറയുന്ന കാലത്ത് തിലകന്‍ വൈവിധ്യമാര്‍ന്ന വേഷത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. നെഗറ്റീവ് റോളുകളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ആ കൈകളില്‍ എന്നും ഭദ്രമായിരുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളിലെ പോള്‍ പൗലോക്കാരന്‍ മലയാള സിനിമയിലെ തന്നെ മികച്ച വില്ലനായി അറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി. ചാക്കോ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രന്‍, സാഹിത്യക്കാരന്‍ ഏബ്രഹാം തടിയൂര്‍ ,അഡ്വ. കെ. ജയവര്‍മ്മ, നാടക നടന്‍ കടമ്മനിട്ട കരുണാകരന്‍,യുവ സാഹിത്യക്കാരന്‍ വിനോദ് ഇളകൊള്ളൂര്‍,സുനീല്‍ മാമ്മന്‍ കൊട്ടുപ്പള്ളില്‍, പി. സക്കീര്‍ ശാന്തി ,ജോജു ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷം മുതല്‍ തിലകന്റെ പേരില്‍ നാടകരംഗത്ത് നിന്ന് മികച്ച നടന് അവാര്‍ഡ് ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മൊമന്റേയും 15001 രൂപയും നല്‍കും സംഘാടകര്‍ അറിയിച്ചു.