കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവാണ് ഇടനിലക്കാരനായതെന്ന് ക്രൈംബ്രാഞ്ച്.തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബു ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ നിന്ന് ഉല്ലാസ് ബാബുവിന്റെ ശബ്ദസന്ദേശം ലഭിച്ചിരുന്നു. വിചാരണക്കോടതിയെ കുറിച്ചും വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ശബ്ദരേഖയില്‍ പറയുന്നത്.
ഇതേ തുടര്‍ന്ന് ശബ്ദരേഖ ഉല്ലാസിന്റേതെന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഇയാളുടെ ശബ്ദസാമ്പിള്‍ പരിശോധിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, എന്നീ വകുപ്പുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.