കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിന്നും ജഡ്ജി പിന്മാറി. കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നുമാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. വിചാരണ കോടതി മാറ്റിയ തീരുമാനം നിയമ വിരുദ്ധമെന്നാണ് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. വിചാരണ നടന്നിരുന്ന സി ബി ഐ മൂന്നാം കോടതിയില്‍, ജഡ്ജിയായി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.കെ ബാലകൃഷ്ണന് സ്ഥലം മാറ്റം ലഭിച്ചിരുന്നു.
ഇതെത്തുടര്‍ന്ന് ഹണി എം വര്‍ഗ്ഗീസിന് സി ബി ഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നതിനാലാണ് വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് കോടതി മാറ്റത്തിനെതിരെ അതിജീവിത ഹര്‍ജി നല്‍കിയത്. അതേ സമയം, സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലും നിലനില്‍ക്കുന്നുണ്ട്.





























