കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളി. തിങ്കളാഴ്ച മുതല്‍ വിചാരണ തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വിചാരണക്കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആക്രമണത്തിനിരയായ നടിയും സര്‍ക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതിമുറിയില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞുവെന്നും നടി പറഞ്ഞു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനും ഇതേ വാദം ഉന്നയിച്ചിരുന്നു.