നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ക്ഷണികം’ എന്ന ചലച്ചിത്രം തിരുവനന്തപുരത്തും വാഗമണ്ണിലുമായി ചിത്രീകരണം പൂർത്തിയാക്കി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി, സുരേഷ് ഗോപി, ജയസൂര്യ , ജോജു ജോർജ് തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. ജുവൽ മേരിയാണ് ചിത്രത്തിലെ നായിക.
സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവൽ മേരി സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത് പുതുമുഖ നടനായ രൂപേഷ് രാജാണ്. നന്ദലാൽ കൃഷ്ണമൂർത്തി , മീര നായർ ,സ്മിത അമ്പു എന്നീ മുൻനിര താരങ്ങളോടൊപ്പം രോഹിത്ത് നായർ, ഓസ്റ്റിൻ, ഹരികൃഷ്ണൻ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കെ എസ് ചിത്രയും, കെ എസ് ഹരിശങ്കറും ഓരോ പാട്ടുകൾ പാടിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോ. വി റ്റി സുനിലും വരികൾ എഴുതിയിരിക്കുന്നത് ഡോ ഷീജ വക്കവും ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസൺ സിൽവയാണ്.
റിയൽ സ്റ്റോറി ആസ്പദമാക്കി ദീപ്തി നായറുടെ കഥയ്ക്കും തിരക്കഥയ്ക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരവിന്ദ് അനിൽ ആണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പരിമിതമായ ക്രൂവിൽ ആണ് ആർ പ്രൊഡക്ഷൻ ഫാമിലി ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.