കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി. സുപ്രീംകോടതിക്കാണ് സ്പെഷ്യല്‍ ജഡ്ജ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. കേസില്‍ ആഗസ്റ്റിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യല്‍ ജഡ്ജി സുപ്രീം കോടതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പുറമേ കേസില്‍ നിന്ന് പ്രോസിക്യൂട്ടര്‍ പിന്‍മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുമ്പാകെ ഹര്‍ജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികള്‍ വൈകാനിടയാക്കിയെന്നാണ് വാദം.
കേസില്‍ ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും പരിശോധിച്ചു. സിനിമ സെലിബ്രേറ്റികള്‍ ഉള്‍പ്പടെ 43 സാക്ഷികളെക്കൂടി വിസ്തരിക്കേണ്ടതുണ്ടെന്നും സ്പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു. നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡനകേസ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.