പത്തനംതിട്ട : ഒരാഴ്ചയിലേറെയായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ തുടരുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് കോന്നിയില്‍ സമാപനം. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അദാലത്ത് വലിയ അനുഭവമായി. ഉദ്യോഗസ്ഥ സംവിധാനത്തിലെ വേഗതക്കുറവാണ് അദാലത്തുകളിലേക്ക് നയിക്കുന്നത് എന്ന് തിരിച്ചറിയാനാകണം. പരാതികളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍ ഇവിടെ സംഭവിക്കുന്നുവെന്നത് പ്രധാനവുമാണ്. ഇല്ലാത്തപ്രശ്‌നങ്ങളുടെ പേരില്‍ ജനങ്ങളുടെഅവകാശങ്ങള്‍ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടുപോകരുത്. തടസങ്ങള്‍ സൃഷ്ടിക്കാന്‍ ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥരീതി ഭൂഷണമല്ല. ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസവും പാടില്ല. നിയമങ്ങളും ചട്ടങ്ങളും മനുഷ്യര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് വ്യാഖ്യാനിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റംവരുത്തേണ്ടവ പരിഗണിക്കും. നീതിനിര്‍വഹണത്തിലെ വേഗതയാണ് സേവനത്തിലെ ഗുണമേന്‍മയുടെ അളവുകോല്‍ എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അദാലത്തിന്റെ ഫലപ്രാപ്തിയില്‍ചാരിതാര്‍ഥ്യമുണ്ട്. ചുവപ്പ്‌നാടയുടെ കുരുക്കുകള്‍ അഴിച്ചുള്ള നീതിനിര്‍വഹണം പരാതികളിലുണ്ടായി. സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനകീയ ഇടപെടലായും മാറി. ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ പ്രവര്‍ത്തനം നീതി വേഗത്തിലാക്കിയെന്നും മന്ത്രി വിലയിരുത്തി. ചടങ്ങില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത്, എ.ഡി.എം ബി.ജ്യോതി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.