28.8 C
Pathanāmthitta
Tuesday, October 19, 2021 3:15 pm
Advertisment

സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (15) രാവിലെ 10.30 മുതല്‍ ; കോഴഞ്ചേരി താലൂക്കിലെ 12 പട്ടയവും അടൂര്‍ താലൂക്കിലെ ആറ് പട്ടയവും നല്‍കും

പത്തനംതിട്ട : ജില്ലയിലെ കോഴഞ്ചേരി, അടൂര്‍ താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നാളെ നടക്കും. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് അദാലത്ത് തുടങ്ങും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജു, കടകംപള്ളി സുരേന്ദ്രന്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, എഡിഎം ഇ. മുഹമ്മദ് സഫീര്‍, നഗരസഭ കൗണ്‍സിലര്‍ എ.ആര്‍. അജിത് കുമാര്‍, അടൂര്‍ ആര്‍.ഡി.ഒ എസ്. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന ശേഷം കോഴഞ്ചേരി താലൂക്കിന്റെ അദാലത്ത് നടക്കും. 12.30ന് പട്ടയവിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കോഴഞ്ചേരി താലൂക്കിലെ 12 പട്ടയവും അടൂര്‍ താലൂക്കിലെ ആറ് പട്ടയവും അദാലത്തില്‍ വിതരണം ചെയ്യും. 2.30ന് അടൂര്‍ താലൂക്കിന്റെ അദാലത്ത് ആരംഭിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരും ജനങ്ങളും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേക കൗണ്ടറും ഇരിപ്പിട സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വേദിയിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ്, ഫയര്‍ഫോഴ്സിന്റെ സിവില്‍ ഡിഫന്‍സ് വോളന്റിയേഴ്‌സ്, എന്‍സിസി കേഡറ്റ്സ് എന്നിവര്‍ ഉണ്ടാകും. ആരോഗ്യ വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും ആംബുലന്‍സുകളുടെ സഹായവും ഇവിടെ ലഭ്യമാണ്.

അദാലത്ത് നടക്കുന്ന സ്ഥലത്ത് പ്രത്യേക അന്വേഷണ കൗണ്ടറും രജിസ്ട്രേഷന്‍ കൗണ്ടറും ഉണ്ടാകും. അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കിയിട്ടില്ലാത്ത, അദാലത്ത് വേദിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവര്‍ ആറു മാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കിടപ്പുരോഗികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല. ഇവരുടെ പ്രതിനിധികള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനിലൂടെ പരാതി സമര്‍പ്പിച്ചവരില്‍ ഹാജരാകണമെന്ന് നിര്‍ദേശം ലഭിച്ചവര്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.

അപേക്ഷ സമര്‍പ്പിച്ചവരില്‍ മറുപടി ലഭിച്ചിട്ടില്ലാത്തവര്‍ ഓഡിറ്റോറിയത്തിന് മുന്‍പിലുള്ള പന്തലില്‍ താപനില പരിശോധിച്ച ശേഷം ഉദ്യോഗസ്ഥര്‍ ക്രമീകരിച്ചിരിക്കുന്ന സ്‌ക്രീനിംഗില്‍ പങ്കെടുക്കണം. ഇവിടെ നിന്നും നടപടി പൂര്‍ത്തിയായ പരാതികള്‍, കാലതാമസമുള്ള പരാതികള്‍, പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ട പരാതികള്‍, മന്ത്രിമാരെ കണ്ട് അവതരിപ്പിക്കേണ്ട പരാതികള്‍ തുടങ്ങിയവയ്ക്ക് കൃത്യമായ മറുപടി ലഭിക്കും. ഇതനുസരിച്ച് മന്ത്രിമാരെ കാണണ്ടവര്‍ക്ക് ടോക്കണ്‍ എടുത്ത് ഹാളിലേക്കും വകുപ്പ് തല ഉദ്യോഗസ്ഥരെ കാണേണ്ടവരെ ചെറിയ ഹാളിലേക്കും കടത്തിവിടും. അദാലത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ എട്ടിന് ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുടുംബശ്രീയുടെ ലഘുഭക്ഷണ ശാല പ്രവര്‍ത്തിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും അദാലത്ത് നടത്തുക.

ഫെബ്രുവരി 16ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. ഫെബ്രുവരി 18ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ തിരുവല്ല താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം മല്ലപ്പള്ളി താലൂക്കിലുള്ളവര്‍ക്കും പങ്കെടുക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അദാലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

- Advertisment -
Advertisment
Advertisment

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
- Advertisment -

Most Popular