പത്തനംതിട്ട : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല 50 വർഷ കാലാവധിയിൽ സ്വകാര്യ കുത്തക കമ്പനിയായ അദാനി ഗ്രൂപ്പിനു കൈമാറുവാനുള്ള കേന്ദ്ര സർക്കാരിന്റേയും എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യയുടേയും തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
വിമാനത്താവള നടത്തിപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യയിൽ നിന്നും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് കേരളത്തിലെ ജനങ്ങളുടേയും ആഭ്യന്തര, വിദേശ വിമാന യാത്രക്കാരുടേയും താല്പര്യങ്ങൾക്ക് വിരുദ്ധവും ദോഷകരമായി ബാധിക്കുന്നതുമാണ്. അമിത വിമാനയാത്രാ നിരക്കും വിമാനത്താവളങ്ങളിലെ വർദ്ധിപ്പിച്ച രീതിയിലുള്ള യൂസേഴ്സ് ഫീ നിരക്കും മൂലം ബുദ്ധിമുട്ടുന്ന പ്രവാസികൾ അടക്കമുള്ള വിമാന യാത്രക്കാരിൽ നിന്നും യാതൊരു നിയന്ത്രണവും കൂടാതെ വീണ്ടും അമിത യൂസേഴ്സ് ഫീ ഈടാക്കി സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കുവാനുള്ള സൗകര്യം ഒരുക്കുന്നതാണ് ഇപ്പോഴുള്ള കൈമാറ്റ തീരുമാനമെന്ന് സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി. വിമാനത്താവള നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾ ലേലത്തിലൂടെ അവകാശം നേടിയ അദാനി ഗ്രൂപ്പിനെ സഹായിക്കുന്നതും ജനങ്ങളെ വഞ്ചിക്കുന്ന ഒത്തുകളിയും കാപട്യവുമാണെന്നും ഇതിനെതിരെ സമര പരിപാടികൾക്ക് പ്രവാസി കോൺഗ്രസ് നേതൃത്വം നല്കുമെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.