തിരുവനന്തപുരം : ജ്വല്ലറിയിൽനിന്നു ഡിസ്കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും മുതിർന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി നൽകിയത്. ഏഴു പവന്റെ മാലയാണ് എഡിജിപിയും കുടുംബവും തെരഞ്ഞെടുത്തതെന്നു പരാതിയിൽ പറയുന്നു. ഡിസ്കൗണ്ട് ആവശ്യപ്പെട്ടപ്പോൾ ജനറൽ മാനേജരോട് ചോദിച്ചശേഷം ജീവനക്കാർ 5% തുക കുറച്ചു നല്‍കാൻ തയാറായി. എന്നാൽ 95% കിഴിവാണ് എഡിജിപി ആവശ്യപ്പെട്ടത്. പിന്നീട് 50% കിഴിവു നൽകാൻ ജ്വല്ലറി തയാറായി.
എന്നാൽ താൽപര്യമില്ലെന്ന് അറിയിച്ച് കുടുംബം മടങ്ങി. പിറ്റേന്ന് ജ്വല്ലറിയിലെത്തിയ എഡിജിപി ഭീഷണി സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഉടമ 95% ഡിസ്കൗണ്ടിൽ മാല കൊടുക്കാൻ നിർബന്ധിതനായി. ഇൻവോയിസിൽ ഈ ഡിസ്കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ചൈനയിലേക്കു കുടുംബമായി വിനോദയാത്ര പോകാൻ പ്രവാസി വ്യവസായി പണം ചെലവൊഴിച്ചതിനെക്കുറിച്ചും പരാതിയിൽ ആരോപണമുണ്ട്. പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരിലൊരാളാണ് ഈ വ്യവസായി. യാത്രയ്ക്കു ചെലവായത് 15 ലക്ഷം രൂപയാണ്. അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പരാതിക്കാരൻ പറയുന്നു. മോട്ടോർ വാഹനവകുപ്പിൽ ജോലി നോക്കവേ എഡിജിപി നടത്തിയ അഴിമതിയുടെ കാര്യങ്ങളും വിദേശത്തെ നിക്ഷേപങ്ങളുടെ കാര്യവും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.