അടൂർ : അടൂർ കോടതിക്കു മുമ്പിലൂടെ കടന്നുപോകുന്നതും ഗവൺമെന്റ് ആശുപത്രി മോർച്ചറിക്കു സമീപമുള്ളതുമായ ഉപറോഡിന്റെ ഭാഗം അപകടക്കെണിയായി മാറി.
റോഡ് പണിതപ്പോൾ നിലവിൽ ഉണ്ടായിരുന്ന ഓടയേക്കാൾ റോഡിന് ഉയരം കൂടിയതും ഓടയുടെ കോൺക്രീറ്റ് മേൽമൂടി തകർന്നതുമാണ് പ്രശ്നത്തിന് കാരണം. ഈ ഭാഗത്ത് നിരന്തരമായി വാഹനാപകടങ്ങൾ ഉണ്ടാകുകയാണ്. ഇറക്കം ഇറങ്ങിവരുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതുവഴി പോകുന്ന നിരവധി കാറുകളുടെ അടിവശം ഓടയുടെ ഇളകിയഭാഗത്തെ മൺകൂനയിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇതിനു കാരണം. റോഡ് നിർമിച്ചതും അടുത്തിടെ പുനരുദ്ധരിച്ചതും അടൂർ നഗരസഭയാണ്. റോഡുമാത്രമാണ് നഗരസഭയുടെ അധീനതയിലുള്ളതെന്നും ഓടയുടെ സംരക്ഷണച്ചുമതല പൊതുമരാമത്തിനാണെന്നുമാണ് നഗരസഭ അധികൃതർ പറയുന്നത്.