അടൂര്‍: നിയോജക മണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള എല്‍.ഡി.എഫ്, യു.ഡി.എഫ് സ്‌ഥാനാര്‍ഥി പട്ടികയാകുന്നു. ഏനാത്ത് സി.പി.എം സ്‌ഥാനാര്‍ഥിയായി പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി. ബി. ഹര്‍ഷകുമാറിന്റെ പേര് ഏതാണ്ട് ഉറപ്പിച്ചു. ഹര്‍ഷകുമാറിന് വേണ്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയാ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി സംബന്ധിച്ച് അവസാന തീരുമാനമായില്ല. ഇവിടെ യു.ഡി.എഫ് സ്‌ഥാനാര്‍ഥിയായി ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഡി.ഭാനുദേവന്‍, കടമ്പനാട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കൃഷ്‌ണകുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
വനിതാ ഡിവിഷനായ പള്ളിക്കലില്‍ കോണ്‍ഗ്രസില്‍ ആര്‍ക്ക് സീറ്റെന്ന കാര്യത്തില്‍ തീരുമാനമായില്ല. സുധാ കുറുപ്പ്, മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി ഗീതാചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സി.പി.ഐയ്‌ക്കാണ് പള്ളിക്കല്‍ സീറ്റ്. മുന്‍ ജില്ലാപഞ്ചായത്തംഗം ശ്രീലതാ രമേശ്, മഹിളാസംഘത്തിന്റെ ജില്ലാ കമ്മറ്റിയംഗം മായാ ഉണ്ണികൃഷ്‌ണന്‍, മണ്ഡലം പ്രസിഡന്റ് രേഖാ അനില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കൊടുമണ്ണും വനിതാ ഡിവിഷനാണ്. കൊടുമണ്ണില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭയായിരിക്കും സി.പി.എം സ്‌ഥാനാര്‍ത്ഥിയെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ലക്ഷ്‌മി അശോകിനെയും ബിനിലാലിന്റെയും പേരുകളാണ് യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.