ആറ്റിങ്ങല്‍ : പ്രവാസികള്‍ക്ക് സഹായഹസ്തവുമായി മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും നിലവില്‍ ആറ്റിങ്ങല്‍ എം.പിയുമായ അടൂര്‍ പ്രകാശ്. പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂമും ഹെല്പ് ലൈന്‍ നമ്പരുകളും ആരംഭിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ വിഷമത്തിലാണ്. രോഗബാധിതര്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല. രോഗമില്ലാത്തവര്‍ പിറന്ന നാട്ടില്‍ എത്തിപ്പെടാന്‍ കൊതിക്കുകയാണ്. മറ്റു രാജ്യക്കാര്‍ തങ്ങളുടെ പൌരന്മാരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുപോയി. എന്നാല്‍ ഇന്ത്യാക്കാരെ തിരികെ മാതൃരാജ്യത്ത് എത്തിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണ്. വിദേശങ്ങളില്‍ കഴിയുന്ന മലയാളികള്‍ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ഇതിനുവേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതെന്ന് അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. അതാതു രാജ്യത്തുള്ളവര്‍ അവിടെയുള്ള ഹെല്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടണം, അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിവരങ്ങള്‍ എം.പി ഓഫീസിലെ ഫോണിലും അറിയിക്കാം.