പത്തനംതിട്ട : വിശ്വസ്തനായ ഡ്രൈവറേയും പോപ്പുലറിന്റെ മൊതലാളിമാരില്‍ ഒരാളാക്കിയ വകയാര്‍ ഇണ്ടിക്കാട്ടില്‍ റോയിയുടേത് കാഞ്ഞ ബുദ്ധിതന്നെ. എല്ലാം പൊളിച്ച് നാടുവിട്ടു കഴിയുമ്പോള്‍ നാട്ടുകാരോട് സമാധാനം പറയാന്‍ ഒരാള് വേണമെന്ന് മുന്‍കൂട്ടി റോയി കണ്ടിരുന്നു . അതുകൊണ്ടുതന്നെയാണ് തന്റെ വിശ്വസ്തനായ ഡ്രൈവറെക്കൂടി പാര്‍ട്ട്ണര്‍ ആക്കിയത്. അങ്ങനെയാണ് അടൂര്‍ നെല്ലിമുകള്‍ സ്വദേശി ഷാജി പോപ്പുലറിന്റെ മുതലാളിയായത്. ഫൈനാന്‍സ് മുതലാളി ആണെങ്കിലും രണ്ടു പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന ഷാജിയുടെ കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്.
ദീര്‍ഘ വര്‍ഷങ്ങളായി ഷാജിയാണ് പോപ്പുലര്‍ കുടുംബത്തിലെ ഡ്രൈവര്‍, റോയിയുടെ സന്തത സഹചാരിയായിരുന്ന ഷാജിക്ക് കഴിഞ്ഞദിവസം വരെയുള്ള എല്ലാ രഹസ്യങ്ങളും അറിയാം. ഇടക്ക് പോപ്പുലര്‍ ഉടമയുമായി ഒന്ന് പിണങ്ങി മാറിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അവിടെത്തന്നെ കൂടേണ്ടിവന്നു. ഇന്ന് ഷാജിയുടെ വീട്ടിലും പോലീസ് റെയിഡ് നടന്നു . സ്ഥാപനത്തിലെ ഡ്രൈവറുടെ പേരിലും കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ് ഉള്ളതായി അങ്ങനെയാണ് പോലീസിന് വിവരം ലഭിച്ചത് . ഷാജി കുറച്ചുദിവസമായി ഉപയോഗിച്ചുവന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.