അടൂർ : തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും ആലുവയിലേക്ക് കൊണ്ടു പോകുകയായിരുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർച്ച. വിവരമറിഞ്ഞെത്തിയ പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും ഇടപെടലിൽ തലനാഴിഴയ്ക്ക് വൻ ദുരന്തമാണ് ഒഴിവായത്.
അടൂർ പഴകുളം ജംഗ്ഷനിൽ രാവിലെയായിരുന്നു സംഭവം. തൂത്തുക്കുടിയിൽ നിന്നും ആലുവയിലേക്ക് 23000 ലിറ്റർ ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കർ ലോറിയുടെ വാൽവിനായിരുന്നു ചോർച്ച. ഇതിനെ തുടർന്ന് ടാങ്കറിൽ നിന്ന് ആസിഡ് വലിയ തോതിൽ ചോർന്നു.
കെ പി റോഡിൽ പഴകുളം ജംഗ്ഷനിൽ വെച്ച് സംശയം തോന്നിയ ടാങ്കർ ലോറി ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴായിരുന്നു ആസിഡ് ചോരുന്ന വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാരും ഇവിടേയ്ക്ക് എത്തി. ഇവർ അറിയിച്ചതനുസരിച്ച് അടൂർ പോലീസും അടൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. തുടർന്ന് ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്ത് ആസിഡ് നേർപ്പിച്ചു. മറ്റൊരു ടാങ്കർ ലോറി എത്തിച്ച് ആസിഡ് ഉച്ചയോടു കൂടി മാറ്റുകയും ചെയ്തു .
ടാങ്കർ ലോറിയുടെ വാൽവിനുണ്ടായ ചോർച്ച കൃത്യസമയത്ത് അറിയാൻ കഴിഞ്ഞതുകൊണ്ട് ഒരു വൻ ദുരന്തമാണ് ഒഴിവായത് എന്ന് അടൂർ പോലീസ് വ്യക്തമാക്കി.