ചെങ്ങന്നൂർ : അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റും മുൻ പി.എസ്.സി അംഗവുമായിരുന്ന അഡ്വ. പി.ആർ ദേവദാസ് (68) അന്തരിച്ചു. കേരള നവോത്ഥാന സംരക്ഷണ സമിതി വൈസ് ചെയർമാനും ഹിന്ദു പാർലമെൻ്റ് മുൻ അദ്ധ്യക്ഷനുമായിരുന്നു. കാൽ നൂറ്റാണ്ടായി സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് വിട പറഞ്ഞത്. വിശ്വകർമ്മജരുടെ ഉന്നമനത്തിനായി ഏക സംഘടന രൂപീകരിക്കുകയും വിശ്വകർമ്മജരുടെ നവോത്ഥാന നായകനായി ദീർഘകാലം പ്രസിഡൻ്റ് പദവിയിൽ തുടർന്നു വരുകയുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻ്റെ ഭൗതീക ശരീരം ഇന്ന് രാവിലെ അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് 2.00 മണിയോടു കൂടി എത്തിക്കുകയും പൊതു ദർശനം നടത്തി. തുടർന്ന് 04.00 മണി യോടു കൂടി അദ്ദേഹത്തിൻ്റെ കുടുംബ വീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോയി. നാളെ വ്യാഴാഴ്ച (30.5.2024) ഉച്ചയ്ക്ക് 12.00 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീടായ പൂത്തറ വീട്ടിൽ സംസ്കാരം നടത്തുന്നതുമാണ്. ഭാര്യ: പുഷ്പലത (കൊല്ലം കല്ലും താഴെ ശ്രീനിലയം കുടുംബാംഗമാണ്). മക്കൾ: വൈശാഖ് ദാസ് (ഗുരുവായൂർ ദേവസ്വം ബോർഡ്), ഡോ.വിവേക് ദാസ് .