കോന്നി : ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി നടത്തിയ അദാലത്ത് വിജയമായെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടന്നത്. 90 ഭൂഉടമകൾ അദാലത്തിൽ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായി എം.എൽ.എയുടെ നിർദ്ദേശാനുസരണമാണ് അദാലത്ത് നടത്തിയത്. 139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി രൂപയാണ് വിലയായി കൈമാറുന്നത്.
ആധാരത്തിൻ്റെ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്. കരമടച്ച രസീത് എന്നിവയുടെ കോപ്പികൾ, ബാങ്ക് പാസ്സ് ബുക്കിൻ്റെ ഒന്നാം പേജിൻ്റെ കോപ്പി, വസ്തുവിൻ്റെ പ്ലാൻ, ലൊക്കേഷൻ സ്കെച്ച്, പാസ്സ്പോർട്ട് സൈസിലുള്ള ഫോട്ടോ എന്നിവയായിരുന്നു വസ്തു ഉടമകൾ ഹാജറാക്കേണ്ടിയിരുന്നത്. രേഖകൾ ഹാജറാക്കാൻ കൂടുതൽ സമയം ആവശ്യമുള്ളവർ വരും ദിവസങ്ങളിൽ കോന്നി പൊതുമരാമത്ത് ഓഫീസിൽ ഹാജറാക്കും.
അദാലത്തിൽ രേഖകൾ ഹാജറാക്കിയവരുടെ പ്രമാണം ഉടൻ രജിസ്റ്റർ ചെയ്ത് പണം കൈമാറും. സംസ്ഥാന ഗവർണർക്കു വേണ്ടി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലേക്കാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നത്. ട്രഷറി വഴി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. അദാലത്തിൽ നാല് കൗണ്ടറുകളാണ് പ്രവർത്തിച്ചത്. പൊതുമരാമത്തു നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.വിനു,
അസി. എക്സി. എൻജിനീയർ എസ്.റസീന, അസി.എഞ്ചിനീയർ എസ്.അഞ്ജു
ജൂനിയർ സൂപ്രണ്ട്, സജു.പി മാത്യു,
ക്ലാർക്ക്മാരായ മനോജ് കുമാർ, ജോൺസൺ വി ഫിലിപ്പ്, രതീഷ് കുമാർ, ഗോകുൽ എസ്, ഓവർസീയർ മാരായ ലജി സി, സച്ചിൻ മോഹൻ, സുമാദേവി.ഒ, ആയുഷ് അജയ് എന്നിവർ അദാലത്തിന് നേതൃത്വം നല്കി. അദാലത്ത് നടത്തിയതോടെ മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിൻ്റെ ഒരു പ്രധാന ഘട്ടം പിന്നിട്ടതായി എം.എൽ.എ പറഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്താൻ കൃത്യമായ ഇടപെടിൽ ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.